കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
 കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
അയ്യപ്പപണിക്കരുടെ കവിത

ഭൂമിക്കൊരു ചരമഗീതം

കവിത കേൾക്കുക
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!


നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!
കവിത കേൾക്കുക
രചന ഓ. എൻ. വി. കുറുപ്പ്

Aswamedam | അശ്വമേധം

കവിത കേൾക്കുക
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാര വേദിയിൽ പുത്തനാം
അശ്വമേധം നടത്തുകയാണു ഞാൻ!
വിശ്വസംസ്കാര വേദിയിൽ പുത്തനാം
അശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും
എൻ കുതിരയെ, ചെമ്പൻ കുതിരയെ?
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും
എൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ
കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വെച്ചെൻ പിതാമഹർ
കണ്ടതാണീക്കുതിരയെ;കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചോലകൾ പാടിയപാട്ടുകൾ
ഏറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
കാട്ടുചോലകൾ പാടിയപാട്ടുകൾ
ഏറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെ ഭരണകൂടങ്ങളും!

എത്ര കൊറ്റക്കുടകൾ... യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ...,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്...
അത്രയേറെ ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ച്
സഞ്ചരിച്ചൊരിച്ചെമ്പൻ കുതിരയെ,
കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ച്
സഞ്ചരിച്ചൊരിച്ചെമ്പൻ കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ
പിന്നെ രാജകീയോന്മത്തസേനകൾ...
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്ത്വവേദികൾ വന്നുപോൽ
യോഗദണ്ഡിൽ ഇതിനെത്തളയ്ക്കുവാൻ!
ആഗമതത്ത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!
ആഗമതത്ത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികർ അശ്വഹൃദയജ്ഞർ
എന്റെ പൂർവികർ വിശ്വവിജയികൾ,
എന്റെ പൂർവികർ അശ്വഹൃദയജ്ഞർ
എന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടുത്ത്
അന്നണഞ്ഞു യുഗങ്ങൾ തൻ നായകർ!
മണ്ണിൽനിന്നു പിറന്നവർ... മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാൻ എന്നിൽ
നാടുണർന്നോരുനാൾ ഈ കുതിരയെ!
നേടിയതാണവരോടു ഞാൻ എന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ!
കവിത കേൾക്കുക
രചന വയലാർ

താടക എന്ന ദ്രവിഡരാജകുമരി

കവിത കേൾക്കുക
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക

താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ,
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടു നടക്കുന്ന കാമസ്വരൂപനെ.

സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവൾ, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാൾ
സലജ്ജം സകാമം സവിസ്മയം

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനിൽ
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവൾ

ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ
സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാൾ, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാൾ
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു
ചവിട്ടി ഉടച്ചനാൾ,വിശ്വമാതൃത്വത്തെ വേദമഴുവിനാൽ
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാൾ...
ആദ്യമായ്, ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകൾ

ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ

അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
ആര്യവംശത്തിന്നടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശതന്തിന്ന് അടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം

ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം
കേട്ടു നടുങ്ങി വിന്ധ്യാടവി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ
നിശാചരി താടകയാണവൾ...

ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം
കവിത കേൾക്കുക
വയലാറിന്റെ രചന

അഭിമുഖം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്... ഒരു സാന്ത്വനം... അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.

My Social Bookmarks

ബസ്സിൽ നിന്നും ചിലത്