ഒരു തുള്ളി രക്തം

കവിത കേൾക്കുക
അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!

ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍
അമ്മയെ കാണാഞ്ഞൊരുന്നാള്‍...
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍
അമ്മയെ കാണാഞ്ഞൊരുന്നാള്‍...
ശോകവും കോപവും വാശിയും കൊണ്ടെന്റെ
മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ
മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍
അമ്പേ വരണ്ടതു മൂലം
നാവാല്‍ നുണഞ്ഞു വിതുമ്പി ഞാന്‍
എന്‍ കവിള്‍ പൂവുകള്‍ വാടിക്കരിഞ്ഞു
എന്‍ കവിള്‍ പൂവുകള്‍ വാടിക്കരിഞ്ഞു...
മുറ്റത്തരളിതന്‍ ചോരമലരുകള്‍
തെറ്റിയുലയുന്നു കാറ്റില്‍
മുറ്റത്തരളിതന്‍ ചോരമലരുകള്‍
തെറ്റിയുലയുന്നു കാറ്റില്‍
ചെന്നവ ഓരോന്നിറുത്തെടുത്തങ്ങിനെ
നിന്നു രസിയ്ക്കുവാന്‍ മോഹം
ചെന്നവ ഓരോന്നിറുത്തെടുത്തങ്ങിനെ
നിന്നു രസിയ്ക്കുവാന്‍ മോഹം
എത്രയ്ക്കകലെയാണെങ്ങനെ നീന്തി ഞാന്‍
അത്രമേല്‍ ദൂരത്ത് ചെല്ലും
എത്രയ്ക്കകലെയാണെങ്ങനെ നീന്തി ഞാന്‍
അത്രമേല്‍ ദൂരത്ത് ചെല്ലും
അമ്മയെങ്ങോ പോയിരിയ്ക്കയാണെ-
ന്റെയീ വിമ്മിഷ്ടമാരുണ്ടറിയാന്‍...
അമ്മയെങ്ങോ പോയിരിയ്ക്കയാണെ-
ന്റെയീ വിമ്മിഷ്ടമാരുണ്ടറിയാന്‍...
കണ്ണു നിറഞ്ഞുപോയ്..
കണ്ണു നിറഞ്ഞു പോയ് അപ്പോഴും
ചിന്തകള്‍ കുന്നു പിടിയ്ക്കുന്നു മുറ്റും
കണ്ണു നിറഞ്ഞു പോയ് അപ്പോഴും
ചിന്തകള്‍ കുന്നു പിടിയ്ക്കുന്നു മുറ്റും
ഒട്ടകലത്തേയ്ക്ക് തെറ്റിത്തെറിച്ചു പോയ്
ദൃഷ്ടികള്‍ രംഗങ്ങള്‍ മാറി
ഒട്ടകലത്തേയ്ക്ക് തെറ്റിത്തെറിച്ചു പോയ്
ദൃഷ്ടികള്‍ രംഗങ്ങള്‍ മാറി
കായലിനയ്ക്കരെ പച്ച ഉടുപ്പിട്ട
കാടുകള്‍ക്കെയും ദൂരെ...
കായലിനയ്ക്കരെ പച്ച ഉടുപ്പിട്ട
കാടുകള്‍ക്കെയും ദൂരെ...
ചോരക്കടലല ചാര്‍ത്തുകള്‍
എന്‍ തല നൂറുവട്ടം നിന്നു ചുറ്റി
ചങ്കീനൊരാണി തറഞ്ഞു
കരളൊരു പന്തമായ് കത്തി പടര്‍ന്നു
ചങ്കീനൊരാണി തറഞ്ഞു
കരളൊരു പന്തമായ് കത്തി പടര്‍ന്നു
ഞെട്ടിമറിഞ്ഞു ഞാന്‍
ഞെട്ടിമറിഞ്ഞു ഞാന്‍ അമ്മയെടുത്തെന്നെ
കൊട്ടിയുറക്കി കിടത്തി
അപ്പോഴും പേടിച്ചു ഞെട്ടിയിരുന്നു ഞാന്‍
ഇപ്പോഴും അമ്മ ചിരിയ്ക്കും
അപ്പോഴും പേടിച്ചു ഞെട്ടിയിരുന്നു ഞാന്‍
ഇപ്പോഴും അമ്മ ചിരിയ്ക്കും
അന്തിചുകപ്പു കണ്ടിങ്ങനെ
പേടിച്ചു വെമ്പുന്ന ഭീരുക്കളുണ്ടോ
അന്തിചുകപ്പു കണ്ടിങ്ങനെ
പേടിച്ചു വെമ്പുന്ന ഭീരുക്കളുണ്ടോ

ഞാന്‍ കുറേകൂടി വളര്‍ന്നു. രക്തം എന്റെ അനുകമ്പയെ പിടിച്ചുലച്ചു, ഞാന്‍ കരഞ്ഞു...

ചന്തയില്‍ കൂടി നടക്കവെ
പിന്നീടൊരന്തിയില്‍ ചോര ഞാന്‍ കണ്ടു
ചന്തയില്‍ കൂടി നടക്കവെ
പിന്നീടൊരന്തിയില്‍ ചോരഞാന്‍ കണ്ടു
തെല്ലകലെത്തായ് കശാപ്പുകടയുടെ ഉള്ളില്‍
ഒഴിഞ്ഞൊരു കോണില്‍
കാച്ചി മിനുക്കിയ കത്തിയുമായ്
ഒരു രാക്ഷസന്‍ ചീറിയണഞ്ഞു
കാച്ചി മിനുക്കിയ കത്തിയുമായ്
ഒരു രാക്ഷസന്‍ ചീറിയണഞ്ഞു
കാലുകള്‍ കെട്ടിവരിഞ്ഞൊരു
പൊന്നു പൂവലിപശുവുണ്ടവിടെ
കാലുകള്‍ കെട്ടിവരിഞ്ഞൊരു
പൊന്നു പൂവലിപശുവുണ്ടവിടെ
കണ്ണീരൊലിപ്പിച്ചുറക്കെ കരഞ്ഞത്
മണ്ണില്‍ കിടന്നു പിടയ്ക്കെ
ദീനയായ് പ്രാണന്നു കെഞ്ചുമാ
ജന്തുവിന്‍ താണ കഴുത്തുയാള്‍ വെട്ടി
ഉച്ചത്തിലുഗ്രമായ് ഒന്നലറി
പ്പിടഞ്ഞുൾക്കട വേദനയാലെ
ആ മധുരോദാര ശാന്ത
മനോഹരമായ ശിരസ്സ് തെറിച്ചു
ചീറ്റി കുഴലില്‍നിന്നെപോല്‍ ചോര
ചീറ്റി കുഴലില്‍നിന്നെപോല്‍ ചോര
ആ നാറ്റമെന്‍ മൂക്കിലിണ്ടിപ്പോള്‍
ഞെട്ടുകയല്ല ഞാന്‍ ചെയ്തതന്ന്
ഞെട്ടുകയല്ല ഞാന്‍ ചെയ്തതന്നെന്‍
കരള്‍ പൊട്ടിയിരിയ്ക്കണം താനെ

എന്റെ ഹൃദയത്തിലേയ്ക്ക് ഹൃദയത്തിന്റെ രക്തം തെറിച്ചുവീണു. ഞരമ്പുകളെ പിടിച്ചുലച്ചുകൊണ്ട് ചിന്തകള്‍ തീപിടിപ്പിച്ചുകൊണ്ട് ആ ഒരു തുള്ളിരക്തം എന്നില്‍ ജീവിയ്ക്കുന്നു..

എന്നിലുള്‍ചേര്‍ത്തുതുണര്‍വുമാവേശവും
പിന്നെയും ചോരഞാന്‍ കണ്ടു
എന്നിലുള്‍ചേര്‍ത്തുതുണര്‍വുമാവേശവും
പിന്നെയും ചോരഞാന്‍ കണ്ടു
കോണിലൊഴിഞ്ഞൊരു കോണില്‍
ഞാനെന്‍ വീട്ടിലാണന്നൊരുച്ചയായ് നേരം
അട്ടഹസിയ്ക്കുന്നു തോക്കുകള്‍ ചുറ്റിലും
ചുട്ട തീയുണ്ടകള്‍ തുപ്പി
ഗര്‍ജ്ജിയ്ക്കടുക്കുന്നു മര്‍ത്യന്റെ
ജീവിത ദിഗ്ജയ വിപ്ലവ വീര്യം
ഗര്‍ജ്ജിയ്ക്കടുക്കുന്നു മര്‍ത്യന്റെ
ജീവിത ദിഗ്ജയ വിപ്ലവ വീര്യം
തീക്കനല്‍ തുപ്പി കുരുച്ചു നാണംകെടും
തോക്കിന്റെ മുമ്പിലേക്കോടി
ചീറ്റിവരും വെടിയുണ്ടകള്‍
മാര്‍ത്തട്ടീലേറ്റു ചിരിച്ചു മനുഷ്യന്‍
തീക്കനല്‍ തുപ്പി കുരുച്ചു നാണംകെടും
തോക്കിന്റെ മുമ്പിലേക്കോടി
ചീറ്റിവരും വെടിയുണ്ടകള്‍
മാര്‍ത്തട്ടീലേറ്റു ചിരിച്ചു മനുഷ്യന്‍
വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി ഞാന്‍
കാതിലലച്ചിതാ ശബ്ദം
വിപ്ലവം ജീവിത വിപ്ലവം
എന്നന്ത്യ വിപ്ലവാശംസ സഖാവേ
വിപ്ലവം ജീവിത വിപ്ലവം
എന്നന്ത്യ വിപ്ലവാശംസ സഖാവേ...

ഒന്നു തിരിഞ്ഞു ഞാന്‍
എന്‍ മുന്നിലോടി ഒന്നു പിടച്ചിതാ ധീരന്‍
ഒന്നു തിരിഞ്ഞു ഞാന്‍
എന്‍ മുന്നിലോടി ഒന്നു പിടച്ചിതാ ധീരന്‍
ആ യുവാവിന്റെ കരളില്‍ നിന്നൂറുന്നി-
താവി പറക്കുന്ന രക്തം
ആ യുവാവിന്റെ കരളില്‍ നിന്നൂറുന്നി-
താവി പറക്കുന്ന രക്തം
കൈകളില്‍ മാറിലെ ചോരവടിച്ചയാള്‍
കണ്ണുതുറിച്ചെന്നെ നോക്കി
ഞെട്ടിയില്ലന്നു വിറച്ചതില്ലന്നു ഞാന്‍
കട്ടപിടിയ്ക്കുന്നു രക്തം!!
ഞെട്ടിയില്ലന്നു വിറച്ചതില്ലന്നു ഞാന്‍
കട്ടപിടിയ്ക്കുന്നു രക്തം!!
എന്‍ നെഞ്ചിലേയ്ക്ക് ഒരുതുള്ളിതെറിച്ച് വീ-
ണൊന്നു മിനുങ്ങിക്കുറുകി
എന്‍ നെഞ്ചിലേയ്ക്ക്... ഒരുതുള്ളിതെറിച്ച് വീണ്...
ഒന്നു മിനുങ്ങി കുറുകി
ഇന്നുമതിന്റെ ചൂടെന്നിലുണ്ട്
ഉണ്ടാകുമെന്നും ഒരു തുള്ളി രക്തം
ഇന്നുമതിന്റെ ചൂടെന്നിലുണ്ട്
ഉണ്ടാകുമെന്നും ഒരു തുള്ളി രക്തം
കവിത കേൾക്കുക
രചന വയലാർ

ഹരിജനങ്ങളുടെ പാട്ട്‌

പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,
പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ
അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ
ചിതറി വന്നൊരിജ്ജന്മതാരത്തിനെ
വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-
യൊരു പിറന്നാൾവിളക്കിൻ ചെറുതിരി
മഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-
ട്ടഖിലനാൾകളും തന്തിരുനാളുകൾ!

നഗരിചെന്നെതിരേല്ക്കുന്നു,കുഗ്രാമ-
മകമലിഞ്ഞലിച്ചോർക്കുന്നിതിദ്ദിനം
പതുപതുത്തുള്ള കൈയുകൾ വെള്ളനൂൽ
ക്കതിരുനൂല്പ്പൂ-ചിലന്തികൾ കൂടിയും!
അറ കുമിയ്ക്കുവോരന്നം കൊടുക്കുന്നു
ചെറിയ കുമ്പിളിൽ; പാല പൂ തൂകുന്നു!
വെളികലീല്ക്കൂട്ട,മാഘോഷയാത്രകൾ
പലവഴി,പെരുംചങ്ങല പോലവേ
പെരിയവർക്കറിവേറുമേ, ബാപ്പുവിൻ
പിറവിനാളിൻ പൊലിമ കൊണ്ടാടുവാൻ
അറിവതെന്തുതാ,നന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
വിടുപണികളാൽ ഞങ്ങളോർമ്മിയ്ക്കട്ടെ
വിനകൾ മാർജ്ജനം ചെയ്തൊരാത്തോട്ടിയെ

ഉടൽ തര്യ്ക്കുന്നിതോർക്കുമ്പോ,ഴാരിലു-
മുപരി ഞങ്ങളെ സ്നേഹിച്ചു ബാപ്പുജി
അരിയ നാടിതു നാട്ടുകാർക്കേകുവാ-
നരചനോടു വീറോടു പോരാടിയോൻ
പെരുവഴികളിൽ പിച്ചയിരന്നീലേ
ചെറുതു ഞങ്ങൾതൻ ജീവൻ കുളിർക്കുവാൻ?
പൊരുളറിഞ്ഞവർ ബുദ്ധനായ് കൃസ്തുവായ്
തിരുനബിയായ് പുകഴ്ത്തുമാപ്പുണ്യവാൻ
ഉയിരുണരാൻ പടിപ്പിച്ചു ഞങ്ങളെ-
യുടയതമ്പുരാൻ തൻ തിരുനാമങ്ങൾ
ഹരിജനങ്ങളായ്,ഞങ്ങളെക്കണ്ട ത-
ന്നരിമയെ,ങീയിളിമ‘യെങ്ങോർക്കിൽ?

പകലൊടുങ്ങുന്നു, പാഴ്നാളിൽ നീളുന്നൂ
പഴയദില്ലി തൻ പാർശ്വഭാഗങ്ങളിൽ
കരൾ നിനയ്ക്കയാണിന്നേര,മാഢ്യർതൻ
കനിവിരുന്നുകളുൺനുവാൻ നില്ക്കാതെ
ഇവിടെ ഞങ്ങളീ’ഭംഗികൾ‘മേവിടു-
മിടമണഞ്ഞിടും നാട്ടിന്നിടയനെ
കുറിയമുണ്ടുടു,ത്താവലംകൈയിലെ
പ്പെരുവടിയൂന്നി,പ്പുഞ്ചിരിതൂകിയും,
പകൽ പണികഴിഞ്ഞെത്തിടും ഞങ്ങൾ തൻ
പഴവനെപ്പോലണയും ദയാർദ്രനെ
(മിഴിയടഞ്ഞവർതൻ പടമെങ്ങിനെ
മിഴിവു തേറ്റുന്നതോർമ്മ തൻ തൂമയാൽ)
ചിരികളികൾ,കരിങ്കിളിപോലെഴും
ചെറിയ കുഞ്ഞുങ്ങൾക്ക,മ്മമാർക്കൊക്കെയും
നിറുകയിങ്കലനുഗ്രഹക്കൈനഖ-
നിറനിലാവു, ഞങ്ങൾക്കുപദേശവും,
കരുതിവന്നോരതിഥിയെല്ലാർക്കുമേ
കനിവമൃതിനാൽ സല്ക്കാരമേകുവോൻ!
കഴലിണകൾ പതിഞ്ഞൊരാ മുറ്റത്തി-
ലഴകിൽ മെത്തീ വിശുദ്ധിപ്പിറാവുകൾ
വരമൊഴികൾ പൊഴിഞ്ഞൊരാക്കൂരയിൽ
നിറയെമിന്നീയറിവിൻ വിളക്കുകൾ
പരമവിടുത്തെയോമല്ക്കിടാത്തിയാ-
മരിയ ചർക്ക,യെളിയോർക്കുടുക്കുവാൻ
അവിരതം സ്വച്ഛനൂലുളവാക്കവേ
അവിടെ വാർന്നിതൈശ്വര്യസംഗീതികൾ
അയലിലോരികൾ കൂക്കിവിളി,യ്ക്കെ,യ-
ങ്ങയവിറക്കീ സമാധാനമാനുകൾ

പുതിയ കാലം പുലർന്നിതെല്ലാർക്കുമായ്
പുലരി വന്നു തുറന്നു പൊന്നമ്പലം
ഉണരു-കെങ്കിലും ദർശനത്തിന്നുമു-
ന്നണി നയിയ്ക്കുവോ,നെങ്ങാപ്പെരിയവൻ?
ഇരുപതും നൂറുമാണ്ടുകൾ താനിരു-
ന്നരുളുകിൽ ഞങ്ങളെത്ര വളർന്നേനെ!
പലരുമുണ്ടിതാ ഞങ്ങളെസ്സേവിപ്പാൻ?
ഒടുവടഞ്ഞൊരാ കൺകളും കൂപ്പുകൈ-
പ്പടവുമെങ്ങൾക്കു നന്മ നേർന്നീലയോ?
പ്രിയപിതാവേ,യീ ഞങ്ങളും നേരുന്നു
ഉയിരിനങ്ങേയ്ക്കു ശാന്തിയുണ്ടാവട്ടെ!
രചന വൈലോപ്പിള്ളി ശ്രീധരമേനോൻ

താതവാക്യം

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.
രചന ബാലചന്ദ്രൻ ചുള്ളിക്കാട്

പ്രൊക്രൂസ്റ്റസ് | Procrustes

കവിത കേൾക്കുക
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ
നിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍
നീശീഥ നിശബ്ദതയില്‍
ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്റെ മാറ്റൊലി കേട്ടു
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്റെ മാറ്റൊലി കേട്ടു
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ

കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ച് നിമിഷം നിര്‍ത്തി
കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ച് നിമിഷം നിര്‍ത്തി
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യൂസ് രാജകുമാരന്‍
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യൂസ് രാജകുമാരന്‍
അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്റെ അജയ്യമനോഹര രാജ കിരീടവുമായീ
പുരാതന ഗ്രീസാകെയുണര്‍ത്തിയ പൌരഷമൊന്നു തുടിച്ചു
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യൂസ് രാജകുമാരന്‍

കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്ത ചുമരുകള്‍ നിന്നു
കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്ത ചുമരുകള്‍ നിന്നു
ചെവിയ്ക്ക് ചുറ്റും ചീവീടുകളുകളുടെ ചൂളം വിളികളുയര്‍ന്നു
ചെവിയ്ക്ക് ചുറ്റും ചീവീടുകളുകളുടെ ചൂളം വിളികളുയര്‍ന്നു
കുനുകുനെ മിന്നി കെടുന്ന മിന്നാമിനുങ്ങു തിരികളുമായി
അലയും കാണാ കാനനകന്യകള്‍ അന്വേഷിക്കുവതാരെ
ശിശിരിതകാന്താരന്തര പാദപ ശിഖര ശതങ്ങളിലൂടെ
തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ
ഒരാളനക്കവും എങ്ങും കണ്ടീലിരുണ്ട കാനന ഭൂവില്‍
ഒരാളനക്കവും എങ്ങും കണ്ടീലിരുണ്ട കാനന ഭൂവില്‍
വിദൂരവീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാരാ
നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ...

പടവാളൂരിയെടുത്തു ചുഴറ്റി പറഞ്ഞു രാജകുമാരാന്‍
പടവാളൂരിയെടുത്തു ചുഴറ്റി പറഞ്ഞു രാജകുമാരാന്‍
ഒളിച്ചു നില്‍ക്കാതിവിടേയ്ക്കെത്തുക വിളിച്ചതാരായാലും
ഒളിച്ചു നില്‍ക്കാതിവിടേയ്ക്കെത്തുക വിളിച്ചതാരായാലും
വളര്‍ത്തി നീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കോന്തന്‍ പല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം
കയ്യിലിരുന്ന നെരിപ്പോടൂതി കനല്‍ വെളിച്ചം വീശി
കയ്യിലിരുന്ന നെരിപ്പോടൂതി കനല്‍ വെളിച്ചം വീശി
ഇരുമ്പു കുന്തവുമൂന്നി പൊട്ടിചിരിച്ചു കാട്ടുമനുഷ്യന്‍
വിദൂര കാനന ഗുഹാമുഖങ്ങളിലതിന്റെ മാറ്റൊലി കേട്ടു
വിദൂര കാനന ഗുഹാമുഖങ്ങളിലതിന്റെ മാറ്റൊലി കേട്ടു

അന്വേഷിച്ചു രാജകുമാരന്‍ മന്ദസ്മേരത്തോടെ
അന്വേഷിച്ചു രാജകുമാരന്‍ മന്ദസ്മേരത്തോടെ
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ
ഉറക്കെ വീണ്ടുമുറക്കെ പൊട്ടി ചിരിച്ചുകൊണ്ടുവനോതി
ഉറക്കെ വീണ്ടുമുറക്കെ പൊട്ടി ചിരിച്ചുകൊണ്ടുവനോതി
പ്രൊക്രൂസ്റ്റസിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ
പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍
പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍
ഉള്‍ക്കിടത്തിലോടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
ഉള്‍ക്കിടത്തിലോടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
അവനെ കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവനവരുടെ പിറകെക്കൂടും
അവനെ കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവനവരുടെ പിറകെക്കൂടും
വീട്ടിലേക്കവനവരെ വിളിയ്ക്കും വിരുന്നു നല്‍കാനായ്
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഘം നില്‍ക്കും
വീട്ടിലേക്കവനവരെ വിളിയ്ക്കും വിരുന്നു നല്‍കാനായ്
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഘം നില്‍ക്കും
അവന്റെ ഗുഹയിലെ ഇരുമ്പുകട്ടിലില്‍ ആളുകള്‍ വീണുമയങ്ങും
ഉറക്കമായാല്‍ അവരുടെ മുതലുകളൊക്കെ കൊള്ളയടിയ്ക്കും
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞ് കൂട്ടിക്കെട്ടും
അവന്റെ കട്ടിലിനേക്കാള്‍ വലുതാണാവരുടെ ഉടലുകളെങ്കില്‍
അരിഞ്ഞു ദൂരെ തള്ളും കത്തിക്കവനവരുടെ കയ്യും കാലും
അവന്റെ കട്ടിലിനേക്കാള്‍ വലുതാണാവരുടെ ഉടലുകളെങ്കില്‍
അരിഞ്ഞു ദൂരെ തള്ളും കത്തിക്കവനവരുടെ കയ്യും കാലും
അവന്റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍
അടിച്ചു നീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും
അവന്റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍
അടിച്ചു നീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും

ഉള്‍ക്കിടിലത്തിലൂടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
തിസ്യൂസിന്റെ മനസ്സില്‍ നിരന്നു തിളച്ചുയര്‍ന്നു രക്തം
ഉള്‍ക്കിടിലത്തിലൂടാളുകള്‍ പറയും പ്രൊക്രൂസ്റ്റസിന്‍ കഥകള്‍
തിസ്യൂസിന്റെ മനസ്സില്‍ നിരന്നു തിളച്ചുയര്‍ന്നു രക്തം
ഖഡ്ഗമുയര്‍ന്നു മുസലമുയര്‍ന്നു കാടൊരടര്‍ക്കളമായി
ഇരുമ്പിലിരുമ്പിലുരഞ്ഞു ചുറ്റിലിടിമിന്നലുകളുയര്‍ന്നു
ഇരുമ്പിലിരുമ്പിലുരഞ്ഞു ചുറ്റിലിടിമിന്നലുകളുയര്‍ന്നു
അടിച്ചു വീഴ്‌ത്തി പ്രൊക്രൂസ്റ്റസ്സിനെ ആ യുവ രാജകുമാരാന്‍
അടിച്ചു വീഴ്‌ത്തി പ്രൊക്രൂസ്റ്റസ്സിനെ ആ യുവ രാജകുമാരാന്‍
അവന്റെ ഗുഹയിലെ ഇരുമ്പുകട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കി
എല്ലുകളാല്‍ തലയോടുകളാല്‍ തറതല്ലിയ ഗുഹയുടെ നടുവില്‍
അരിഞ്ഞെറുഞ്ഞു പ്രൊക്രൂസ്റ്റസ്സിന്‍ ശിരസ്സും ഉടലും താഴെ
അരിഞ്ഞെറുഞ്ഞു പ്രൊക്രൂസ്റ്റസ്സിന്‍ ശിരസ്സും ഉടലും താഴെ

യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
യവന ചരിത്രാതീതയുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി
തിസ്യൂസ്സന്നുമുതൽക്കൊരനശ്വര നക്ഷത്രക്കതിരായി
തിസ്യൂസ്സന്നുമുതൽക്കൊരനശ്വര നക്ഷത്രക്കതിരായി
കയ്യിലൊളിമ്പസ് പർവ്വതമേന്തിയ കന്നിനിലാത്തിരിയായി
കയ്യിലൊളിമ്പസ് പർവ്വതമേന്തിയ കന്നിനിലാത്തിരിയായി
ഹോമറിനാത്മവിപഞ്ചികയിങ്ങെനെയോമനഗീതകമായി
ഹോമറിനാത്മവിപഞ്ചികയിങ്ങെനെയോമനഗീതകമായി
അബ്ദശതങ്ങള്‍..
അബ്ദശതങ്ങള്‍ കാലത്തിന്‍ രഥ ചക്രശതങ്ങളുരുണ്ടൂ
അബ്ദശതങ്ങള്‍ കാലത്തിന്‍ രഥ ചക്രശതങ്ങളുരുണ്ടൂ
പ്രൊക്രൂസ്റ്റസ് പുനര്‍ജ്ജീവിച്ചു പരിണാമങ്ങളിലൂടെ
പ്രൊക്രൂസ്റ്റസ് പുനര്‍ജ്ജീവിച്ചു പരിണാമങ്ങളിലൂടെ

അന്നേഥന്‍സിലെ ഗുഹയില്‍ വീണോരവന്റെ അസ്ഥികള്‍ പൂത്തു
അന്നേഥന്‍സിലെ ഗുഹയില്‍ വീണോരവന്റെ അസ്ഥികള്‍ പൂത്തു
അസ്ഥികള്‍ പൂത്തു ശവനാറിപൂമൊട്ടുകള്‍ നീളെ വിരിഞ്ഞു
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തിവിടര്‍ന്നു
പ്രൊക്രൂസ്റ്റസ്സുകളൊന്നല്ലനവധി പ്രൊക്രൂസ്റ്റസ്സുകള്‍ വന്നു
പ്രത്യയശാസ്ത്രശതങ്ങളുരുക്കി പ്രകടനപത്രിക നീട്ടി
ഇരുണ്ട ഗുഹകളിലിവിടെ ഒരായിരം ഇരുമ്പുകട്ടിലുകൂട്ടി
പ്രൊക്രൂസ്റ്റസ്സുകള്‍ രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍
പ്രൊക്രൂസ്റ്റസ്സുകള്‍ രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍
പച്ചമനുഷ്യനെ വിളിച്ചിരുത്തി പ്രശ്നശതങ്ങള്‍ നിരത്തി
പച്ചമനുഷ്യനെ വിളിച്ചിരുത്തി പ്രശ്നശതങ്ങള്‍ നിരത്തി
പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍
പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍
അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്റെ ആത്മാവെങ്കില്‍
അരിഞ്ഞു ദൂരെത്തളും കത്തിക്കവന്റെ കയ്യും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണി നാട്ടില്‍
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണി നാട്ടില്‍

ഉയിര്‍ത്തെഴുന്നേറ്റ്.. ഉടവാളൂരി.. പ്രയത്ന മുദ്രയുമായി
ഉയിര്‍ത്തെഴുന്നേറ്റ്.. ഉടവാളൂരി.. പ്രയത്ന മുദ്രയുമായി
തിരയും മാനവ മനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ
ഉയിര്‍ത്തെഴുന്നേറ്റ്.. ഉടവാളൂരി.. പ്രയത്ന മുദ്രയുമായി
തിരയും മാനവ മനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ...
കവിത കേൾക്കുക
രചന വയലാർ

ഓർക്കുക വല്ലപ്പോഴും

പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ...
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...

ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും...
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും...
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും...
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും...

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം...
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും...
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും...
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും...
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും...
ഓര്‍ക്കുക വല്ലപ്പോഴും...
രചന പി. ഭാസ്ക്കരൻ

കായലിനക്കരെ പോകാൻ

കവിത കേൾക്കുക
കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
 അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ
അമ്പലമുറ്റത്ത് പോകും
കളിവള്ളം തുഴയും, കഥകൾ പറയും
കഥകളിപാട്ടുകൾ പാടും മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും
കർക്കിടക കാറ്റത്തൊരന്തിയ്ക്ക്
കായലിൽ മുത്തശ്ശി ഒറ്റയ്ക്ക് പോയി
പിറ്റേന്ന് നേരം ഇരുണ്ടു വെളുത്തു
മുത്തശ്ശിയമ്മയെ കണ്ടില്ല..
ഒത്തിരി നേരം കരഞ്ഞു പറഞ്ഞു ഞാൻ
മുത്തശ്ശിയമ്മേ പോകല്ലേ
അമ്പലക്കായലിൽ വള്ളം കിടന്നു
പമ്പിനടന്നു പങ്കായം...
കവിത കേൾക്കുക
രചന വയലാർ

അമ്മേ മലയാളമേ

കവിത കേൾക്കുക
അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ...
അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ... ധ്യാന ധന്യകാവ്യാലയമേ...
അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ...

ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം...
ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം
സൂര്യ തേജസ്സുപോല്‍ വാണൊരാ ഭാര്‍ഗ്ഗവ-
രാമനും നിന്റെ സ്വന്തം അതിഥിയ്ക്കായ് സ്വാഗത
ഗീതങ്ങള്‍ പാടിയൊരറബിക്കടല്‍ത്തിര നിന്റെ സ്വന്തം
കൂത്തുകേട്ടും കൂടിയാട്ടം കണ്ടും... തിരനോട്ടം കണ്ടും
എന്നെ ഞാനറിഞ്ഞു... അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...

ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം...
ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം
സാഹിത്യ മഞ്ജരി പുല്‍കിയ കാമന കൈമുദ്ര നിന്റെ ധനം
കലകള്‍ തന്‍ കളകാഞ്ചി ചിന്തുന്ന നിളയുടെ ഹൃദയ സോപാനവും നിന്റെ ധനം
പമ്പ പാടി പെരിയാറു പാടി... രാഗ താളങ്ങിലെന്നെ ഞാനറിഞ്ഞു
അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ...
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ... എന്റെ ജന്മ സംഗീതമേ...
കവിത കേൾക്കുക
രചന ശ്രീകുമാരന്‍ തമ്പി

കുട്ടിയും തള്ളയും

കവിത കേൾക്കുക
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
കവിത കേൾക്കുക
രചന: കുമാരനാശാൻ
പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും
ഏപ്രിൽ 1931 - ഇൽ എഴുതിയത്
മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ. കുമാരനാശാന്റെ കൃതികൾ വിക്കി ഗ്രന്ഥശാലയിൽ വായിക്കുക

My Social Bookmarks

ബസ്സിൽ നിന്നും ചിലത്