ഇന്നു ഞാന്‍, നാളെ നീ

"ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ"
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!

പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്ക-
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,
താരകരത്നഖചിതമാം പട്ടിനാല്‍
പാരമലംകൃതമായ വിണ്‍പെട്ടിയില്‍
ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-
നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,
തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചു
കമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,
ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-
രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.
പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-
യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌!

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍
പൊന്തി "ണാം-ണാം"മെന്നു ദീനം മണിസ്വനം.
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-
ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-
മേകമുഖമാം കുരിശിനെ മുത്തുവാന്‍
`ആരാലിറങ്ങി വരും ചില "മാലാഖ"-
മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌.
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-
നിന്നുമാറക്ഷരം, "ഇന്നു ഞാന്‍, നാളെ നീ."
ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും!
മഹാകവി ജി. ശങ്കരക്കുറുപ്പ്‌

അഗസ്ത്യഹൃദയം

കവിത കേൾക്കുക
രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുമ്പേ കനല്ക്കാടു താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍‌ കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളിലെത്താൻ.

ഇപ്പൊള്‍‌ നാമെത്തിയീ വനപര്‍‌ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്‍‌ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍‌
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…?
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..? രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെ
നീർക്കണിക തേടി ഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൗഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള്‍‌ പെറ്റ മക്കള്‍‌ക്കു നീ കവചമിട്ടു
അന്യോന്യമെയ്യുവാന്‍‌ അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ടു മേനിക‌ള്‍‌ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍‌ മെനഞ്ഞു
രാമന്നു ജയമെന്നു പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില്‍‌ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌‌ ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌ ഒരുക്കി ക്കൊടുത്തു

ആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു -
മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൗരസൗമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..?
കവിത കേൾക്കുക
വി. മധുസൂദനൻ നായരുടെ കവിത

പൂതപ്പാട്ട്‌

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലർ
ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തിൽ
'ക്കലപലെ' പാടും പണ്ടങ്ങൾ
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളിൽ
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.
എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?
പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയിൽ
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.
പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.
നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളിൽ
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.
ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:
ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേൽ
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.
എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:
'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളിൽ
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാൽ
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!'
പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!
വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരിൽ
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലിൽ
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകൽ.
എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?
പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.
പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'
പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?
തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.
അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!
യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കൽ
പലവുരു ചുംബിച്ചത്തുറുകണ്ണാൽ
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകൾ
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോൾ
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലർ
ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിത

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം;
നിസ്തബ്ധ താരാപുഷ്പവ്യോമശിംശിപാശാഖ;

ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു;
മുറ്റിയൊരേകാന്തത, ശൂന്യത,വിമൂകത.

കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ-
യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും;

ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടർ-
ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങൾ

പാവനമധുരമാമൊരു തീവ്രവേദന
പാരിന്റെയുപബോധം തഴുകിയൊഴുകുന്നു!

സ്നേഹവിദ്ധമാമന്തഃകരണം രക്തം വാര്‍ന്നും,
മോഹത്തിലാണ്ടും 'പാപം, പാപമെ'ന്നുടക്കവേ

ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച
ലോലനും കഠിനനുമാകിന പുരുഷന്റെ

മുന്‍പില്‍നിന്നകംപിളർന്നിള നല്‍കിയോരിടം
കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകൾ

നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം
വിടരുന്നതു നിന്നിൽ രഹസ്സിൽ, നിശാഗന്ധേ!
By : ജി. ശങ്കരക്കുറുപ്പ്‌

പടയാളികൾ

പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേർ;

ഒന്നൊരു വേട്ടുവന്‍‍ മറ്റേതവൻ വേട്ട‌
പെ,ണ്ണിവർ പാരിന്റെ പാദം പണിയുവോർ;

ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,

തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകൾ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,

ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.

തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴീക്കൂട്ടർ പാടുമത്യുച്ചമാം പാട്ടുകൾ,

ഗദ്‍ഗദരുദ്ധമാം രോദനം പോലവേ,
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകൾ!

നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തല‍ം വൃശ്ചികം പാടേ കടന്നുപോയി.

നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.

വര്‍‍‍ദ്ധിച്ച താപേന വൻ മരുഭൂവിലെ-
യധ്വഗർ പോലെത്തുമോരോ ദിനങ്ങളും

പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാൽ
വാടിത്തുടങ്ങീതു വാരിളം നെല്ലുകൾ.

തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്!

കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!

ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യൻ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?

ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവർ;

പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികൾ.

മാലോകർ തുഷ്‍ടിയാം തൊട്ടിലിൽ, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,

തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍

കാന്തന്റെ തേരിൽ കടിഞ്ഞാൺ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി

പാട്ടുകൾ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും

പാടുകയാണിവൾ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികൾ.

ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?
വൈലോപ്പിള്ളിയുടെ പടയാളികൾ എന്ന കവിത

My Social Bookmarks

ബസ്സിൽ നിന്നും ചിലത്