സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ
ഷവറിനു താഴെ
പിറന്നരൂപത്തിൽ
നനഞ്ഞൊലിക്കുമ്പോൾ.

തലേന്നു രാത്രിയിൽ
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോൾ.

ഷവറിനു താഴെ
പിറന്ന രൂപത്തിൽ
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തിൽ.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവിൽ
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവിൽ
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോൾ
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോൾ

ഷവര്‍ തുറക്കുമ്പോൾ
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോൾ

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോൾ

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മൾ
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മൾ
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോൾ.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത

0 comments:

Post a Comment

My Social Bookmarks

ബസ്സിൽ നിന്നും ചിലത്